Wednesday, December 21, 2011

മാമ്പഴം - വൈലോപ്പിള്ളി....

കവിത          : മാമ്പഴം
കവി             : വൈലോപ്പിള്ളി
ആലാപനം  : ശ്രീ മധുസൂദനന്‍ നായര്‍



വൈലോപ്പിള്ളി ശ്രീധര മേനോന്‍ 1911 മെയ്‌ 11 നു  കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം 1931-ല്‍ അധ്യാപനവൃത്തിയില്‍ പ്രവേശിച്ചു. ഭാനുമതി അമ്മയെ വിവാഹം ചെയ്തു,  1966-ല്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌. മലയാളിയുടെ     ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളില്‍ രൂപകങ്ങളുടെ വിരലുകള്‍ കൊണ്ട്‌ സ്പര്‍ശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകള്‍ക്കും തൊടികള്‍ക്കും സഹ്യപര്‍വ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴയ്ക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നല്‍കിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുല്‍നാമ്പിനെ നെഞ്ചിലമര്‍ത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങള്‍ക്കും മുകളില്‍ വളര്‍ന്നു നില്‍ക്കുന്നു.മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓര്‍മ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ടുണ്ട്‌. വൈലോപ്പിള്ളിയുടെ   മാമ്പഴത്തിലൂടെ   മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം,ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണര്‍ത്തുന്നു.
"ശ്രീ" എന്ന തൂലികാനാമത്തില്‍ എഴുതിത്തുടങ്ങിയ കവിയുടെ കവിതകള്‍ പലതും കേരളത്തില്‍ ഒരു ഭാവുകപരിവര്‍ത്തനം സൃഷ്ടിച്ചു.  കാലവും ലോകവും മാറുന്നു എന്നതാണ്‌ വൈലോപ്പിള്ളി കവിതയുടെ ആധാരശില. കേരള  ഗ്രാമജീവിതം വൈലോപ്പിള്ളിയുടെ ഇഷ്ടവിഷയങ്ങളില്‍ ഒന്നായിരുന്നു, കൊയ്തും, മെതിയും, നാട്ടുമ്പുറവും കവിയെ ഏറെ പ്രചോദിപ്പിച്ചു. പ്രകൃതിയുടെ കേവലസൗന്ദര്യത്തെ വര്‍ണ്ണിക്കുന്ന മറ്റുള്ള കവികളില്‍ നിന്ന് വ്യത്യസ്തമായി പ്രകൃതിയും മനുഷ്യനും ചേരുമ്പോഴുണ്ടാകുന്ന സമഗ്രസൗന്ദര്യമായിരുന്നു അദ്ദേഹത്തിന്‌ പ്രിയങ്കരം.1985 ഡിസംബര്‍ മാസം 22-ന്‌ അന്തരിച്ചു.
പ്രധാന കൃതികള്‍
  • കന്നിക്കൊയ്ത്ത്
  • ശ്രീരേഖ
  • കുടിയൊഴിയല്‍
  • ഓണപ്പാട്ടുകാർ
  • വിത്തും കൈക്കോട്ടും
  • കടല്‍ക്കാക്കകള്‍
  • കയ്പ്പവല്ലരി
  • വിട
  • മകരക്കൊയ്ത്ത്
  • പച്ചക്കുതിര
  • കുന്നിമണികള്‍
  • മിന്നാമിന്നി
  • കുരുവികള്‍
  • വൈലോപ്പിള്ളിക്കവിതകള്‍
  • മുകുളമാല
  • കൃഷ്ണമൃഗങ്ങള്‍
  • അന്തിചായുന്നു
    ഈ കവിത ഡൌൺ‌ലോഡാൻ ഇവിടെ ക്ലിക്കാം...

വൈലോപ്പിള്ളി  1936 ല്‍ എഴുതിയ കവിതയാണ് മാമ്പഴം ..മാതൃഭൂമി ഓണപ്പതിപ്പില്‍ ആണ് ഇത് ആദ്യമായി വെളിച്ചം കണ്ടത് .വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയഒരു അനുജനെ ഓര്‍ത്താണ് കവി ഇത് എഴുതിയത് .നഷ്ടപ്പെട്ടു പോയ ഒരമ്മയുടെ വേദനിക്കുന്ന ഓര്‍മ്മകള്‍ എത്ര കാലം കഴിഞ്ഞാലും നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകില്ല   .അദേഹത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ ഏതൊരാളുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഈ വരികള്‍ ആയിരിക്കും
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍ ......................
.

മാമ്പഴം 
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലു മാസത്തിന്‍ മുന്‍പിലേറെ നാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ,

അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരി കത്തിച്ച പോ-
ലമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ!
ചൊടിച്ചൂ മാതാവപ്പോള്‍‍ , “ഉണ്ണികള്‍ വിരിഞ്ഞ‌ പൂ-
വിറുത്തു കളഞ്ഞില്ലേ കുസൃതിക്കുരുന്നേ നീ?

മാങ്കനി വീഴുന്നേര,മോടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?“
പൈതലിന്‍ ഭാവം മാറി വദനാംബുജം വാടീ,
കൈതവം കാണാ‍ക്കണ്ണു കണ്ണുനീര്‍ത്തടാകമായ്.

“മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നി“ല്ലെന്നവന്‍
മാണ്‍‍പെഴും മലര്‍ക്കുല,യെറിഞ്ഞു വെറും മണ്ണില്‍ !
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍ !

തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വര്‍ണ്ണമായ് തീരും മുന്‍പേ,
മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ടു പരലോകത്തെ പൂകി.

വാനവര്‍ക്കാരോമലായ്, പാരിനെക്കുറിച്ചുദാ‍-
സീനനായ്, ക്രീഡാരസ ലീനനായവന്‍ വാഴ്‌കെ,
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍!

അയല്‍പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവര്‍തന്‍ മാവിന്‍ചോട്ടില്‍ കളിവീടുണ്ടാക്കുന്നു;
“പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴം തരികെ“ന്നുള്‍ -
പ്പൂവാളും കൊതിയോടെ വിളിച്ചു പാടീടുന്നു!

വാസന്തമഹോത്സവമാണവര്‍ക്കെന്നാലവള്‍ -
ക്കാ ഹന്ത! കണ്ണിരിനാലന്ധമാം വര്‍ഷാകാലം!
പൂരതോ നിസ്തബ്ദ്ധയായ് തെല്ലിട നിന്നിട്ടു തന്‍
ദുരിത ഫലം പോലു,ള്ളപ്പഴമെടുത്തവള്‍ ,

തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത
മണ്ണില്‍ താന്‍ നിക്ഷേപിച്ചു, മന്ദമായേവം ചൊന്നാള്‍ :
“ഉണ്ണിക്കൈക്കെടുക്കുവാന്‍ ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ!

പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ?
വരിക കണ്ണാല്‍ കാണാ‍ന്‍ വയ്യത്തൊരെന്‍ കണ്ണനെ
തരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ!”

ഒരു തൈ കുളിര്‍ക്കാറ്റാ,യരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിന്‍ പ്രാണന്‍ അമ്മയെ ആശ്ലേഷിച്ചു!!

13 comments:

  1. എന്നും മനസ്സില്‍ നൊമ്പരം ഉണര്‍ത്തുന്ന കവിതയാണ് ... എന്നും പ്രിയപ്പെട്ടതും ആശംസകള്‍ @ പുണ്യവാളന്‍

    ReplyDelete
  2. ആശംസകള്‍ ....!!!

    ReplyDelete
  3. അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
    അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
    നാലു മാസത്തിന്‍ മുന്‍പിലേറെ നാള്‍ കൊതിച്ചിട്ടീ
    ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ


    കേട്ടാലും കേട്ടാലും മതിവരാത്ത കവിത, ഇവിടെ ആദ്യമായാ എത്തിപെടുന്നത് എന്നു തോന്നുന്നു
    ആശംസകളോടെ...

    ReplyDelete
  4. "“മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നി“ല്ലെന്നവന്‍
    മാണ്‍‍പെഴും മലര്‍ക്കുല,യെറിഞ്ഞു വെറും മണ്ണില്‍ !
    വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ
    ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍ !"

    നന്ദി ലിനു....

    ReplyDelete
  5. വൈലോപ്പിള്ളിയെ ഈ പോസ്റ്റിന് അഭിനന്ദനം.

    ReplyDelete
  6. മാങ്കനി വീഴുന്നേര,മോടിച്ചെന്നെടുക്കേണ്ടോന്‍
    പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?“
    പൈതലിന്‍ ഭാവം മാറി വദനാംബുജം വാടീ,
    കൈതവം കാണാ‍ക്കണ്ണു കണ്ണുനീര്‍ത്തടാകമായ്.

    എനിക്കെ കവിതകളോട്‌ തീരെ മമതയില്ല, മനസ്സിലാവുകയുമില്ല. പക്ഷെ എനിക്ക്‌ ഏതെങ്കിലും ഒരു കവിത ഇഷ്ടപ്പെടുന്നുണ്‌ടെങ്കില്‍ അതില്‍ ആദ്യത്തേതാണ്‌ ഈ മാമ്പഴം. വായനക്കാരന്‌റെ മനസ്സിനെ നൊമ്പരപ്പെടുത്തി ചിന്താവിഷ്ടരാക്കുന്ന ശൈലി. അഭിനന്ദനം ഇത്‌ ഇവിടെ പങ്ക്‌ വെച്ചതിന്‌.

    ReplyDelete
  7. കവിത എഴുത്ത് എന്ന സാഹസം നടത്തുന്നവര് ആദ്യം ഈ കവിത പഠിക്കണം....ഒട്ടു മിക്ക ആള്ക്കാരും കവിത എഴുത്ത് നിര്ത്തേണ്ടി വരും.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. Hridhayathil ninnum orikkalum parichu maattaan pattatha kavitha!

    ReplyDelete
  10. മനസ്സിൽ തട്ടുന്ന കവിത ചിലവ യഥാർത്ഥത്തിൽ ഇടക്ക് നോക്കുന്നത് നല്ലത്

    ReplyDelete
  11. കുഞ്ഞിളം നാളിൽ കേട്ടതാണെങ്കിലും,,, കേട്ടു കേട്ടു തഴത്തതാണെങ്കിലും,,,, ആശയാൽ കർണ്ണപുടങ്ങളാസ്വദിക്കും,,,,

    ReplyDelete