Friday, March 30, 2012

ശാലിനി - ചങ്ങമ്പുഴ..

കവിത : ശാലിനി
രചന : ചങ്ങമ്പുഴ കൃഷ്ണപിള്ള
ആലാപനം : ശ്രീമതി സുജാത 


പ്രണയ കാവ്യങ്ങളുടെ സൃഷ്ടികര്‍ത്താവ്‌ എന്ന പേരില്‍ പ്രസിദ്ധനായ കവി..സംസ്കൃതത്തിന്റെ കടുത്ത ചിട്ടവട്ടത്തില്‍ നിന്നും മലയാളത്തിനു അതിന്റേതായ ചട്ടക്കൂടൊരുക്കി കൊടുത്തു ആ പ്രേമ ഗായകന്‍..മലയാള കാവ്യ നര്‍ത്തകിയെ ലളിത പദങ്ങളുടെ ചിലങ്ക കെട്ടിച്ച്,  അണിയിച്ചൊരുക്കി സഹൃദയമനസുകള്‍ക്ക് കാഴ്ചവച്ചപ്പോള്‍ അവള്‍ ആനന്ദ നടനം ആടിയത് സംസ്കൃതത്തിന്റെ സ്വാധീനം നിമിത്തം അവളെ ഒരകലത്തില്‍ നിന്നുമാത്രം വീക്ഷിച്ചു പോന്ന സാധാരണക്കാരുടെ മനസുകളില്‍ ആയിരുന്നു. പ്രണയത്തിനൊപ്പം സൌഹൃദത്തിനും പ്രത്യേക നിര്‍വ്വചനം ഉണ്ടാക്കി എടുത്ത കവിയായിരുന്നു ചങ്ങമ്പുഴ..ഇടപ്പള്ളി രാഘവന്‍ പിള്ള എന്ന ആത്മാര്‍ത്ഥ സുഹൃത്ത് ആ മനസ്സില്‍ കോറിയിട്ട സൌഹൃദസങ്കല്പം കാവ്യരൂപമാണ്ടപ്പോള്‍ മലയാളികള്‍ക്ക് ലഭ്യമായത് രമണന്‍ എന്നൊരു അനിര്‍വചനീയ കാവ്യസൃഷ്ടി ആണ്...പുതു തലമുറകള്‍ പരിവര്‍ത്തനങ്ങള്‍ക്ക് വശംവദരായിട്ടും ആ കവിതയുടെ ഈരടികള്‍ ഇന്നും പല ചുണ്ടുകളിലും തത്തിക്കളിക്കുന്നുണ്ട് .

ആഗ്രഹിച്ച തലങ്ങളില്‍ ഒന്നും എത്തിച്ചേരാന്‍ കഴിയാതെ പോയ കവിയായിരുന്നു ചങ്ങമ്പുഴ...ഉന്നതവിദ്യാഭ്യാസം കരസ്തമാക്കിയിട്ടും ഒരു ജോലിയിലും മനസ്സുറപ്പിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിനായില്ല...കൌമാരം വിട്ടുമാറും മുന്നേ ഏറ്റെടുക്കേണ്ടി വന്ന വിവാഹ ജീവിതവും അദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ചല്ലായിരുന്നു...ശ്രീദേവി എന്ന മഹതി ആ കാവ്യസപര്യയ്ക്ക് വിഘ്നം സൃഷ്ടിക്കാതെ അദ്ദേഹത്തിന് പിന്നില്‍ നിഴലായി ഒതുങ്ങി...പക്ഷേ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും, ചവിട്ടു പടികള്‍ കയറുമ്പോഴും കാലിടറുമ്പോഴും ഒക്കെ ഓരോരോ മഹത് കൃതികള്‍ കൊണ്ട് അദ്ദേഹം മലയാളകാവ്യ ലോകത്തെ സമ്പന്നമാക്കിക്കൊണ്ടിരുന്നു...കണ്ടിരുന്നതൊക്കെ തിളക്കമുള്ള സ്വപ്‌നങ്ങള്‍ മാത്രമായിരുന്നുവെന്നും അതൊരു മരീചികയാണെന്നും യാഥാര്‍ത്ഥ്യം എന്നും തനിക്കു പിന്നാലെ തന്നേ സ്നേഹിച്ചുണ്ടായിരുന്നിട്ടും താനത് കാണാതെ പോയി എന്നും ഉള്ള തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടായപ്പോഴേക്കും ആ കവി ജീവിതയുദ്ധത്തില്‍ വീണു പോയിരുന്നു...പക്ഷേ ആ പശ്ചാതാപത്തില്‍ നിന്നും ഉടലെടുത്തു മനോഹര സൃഷ്ടികള്‍...സ്നേഹമയിയായ ഭാര്യയെ മറന്നു തന്റെ യൌവനത്തെ മാത്രം കാംഷിച്ചു കൂടെ കൂടിയ വ്യക്തിത്വങ്ങള്‍ക്ക് പുറകെ പോയതിലുള്ള കുറ്റബോധം “മഞ്ഞതെച്ചിപ്പൂങ്കുല പോലെ മഞ്ചിമ വിടരും പുലര്‍കാലേ നിന്നു ലളിതേ നീയെന്‍ മുന്നില്‍ നിര്‍വൃതി തന്‍ പൊന്‍ കതിര്‍ പോലെ” എന്ന മനോഹര വരികളിലൂടെ കാവ്യലോകത്തേക്ക് കടന്നു വന്നു...അങ്ങനെ എത്രയെത്ര കവിതകള്‍....

പറഞ്ഞവസാനിപ്പിക്കാതെ പോയതും പറയാന്‍ ബാക്കി വച്ചതുമായി ആ കവി മണ്‍മറയുമ്പോള്‍ മലയാളത്തിനു നഷ്ടമായത് പിന്നെയും ആ തൂലിക തുമ്പില്‍ നിന്നും ഉടലെടുത്തേക്കാവുന്ന കുറേ നല്ല രചനകള്‍ ആയിരുന്നു

നിശ്ശബ്ദ സ്നേഹത്തിന്റെ കഥ പറയുന്നു കവി ഈ കവിതയിലെ കാമിനിയുടെ വാക്കുകളിലൂടെ...പരിശുദ്ധപ്രണയം എങ്ങനെയായിരിക്കണം എന്ന് മനസ്സിലാക്കിയെടുക്കാവുന്ന വരികള്‍...മാംസനിബദ്ധമല്ല രാഗം എന്ന തത്വത്തില്‍ ഉറച്ചു നിന്ന് പരിശുദ്ധപ്രണയത്തിന്റെ മാറ്റുരയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നിഴലായ് തനിക്കൊപ്പം കൂടിയ ശ്രീദേവി ചങ്ങമ്പുഴ ആയിരുന്നിരിക്കുമോ...ചിന്തകള്‍ വായനക്കാര്‍ക്ക് വിടുന്നു...ശ്രീമതി സുജാതയുടെ അനുഗ്രഹീത ശബ്ദതില്‍ ഇതൊന്നു കേട്ടുനോക്കു.

കവിത ഇവിടെനിന്നും സ്വന്തമാക്കാം


ശാലിനി - ചങ്ങമ്പുഴ

ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍
എന്നെ കുറിച്ചുള്ളോരോര്‍‍മ്മ മാത്രം മതി
മായരുതാ തളിര്‍ ചുണ്ടിലൊരിക്കലും
മാമകചിത്തം കവര്‍‌ന്നൊരാ സുസ്മിതം.

താവകോത്ക്കര്‍ഷത്തിനെന്‍ ജീവരക്തമാ-
ണാവശ്യമെങ്കിലെടുത്തുകൊള്ളൂ ഭവാന്‍
എങ്കിലുമങ്ങുതന്‍ പ്രേമസംശുദ്ധിയില്‍
ശങ്കയുണ്ടാകില്ലെനിക്കല്പമെങ്കിലും

ആയിരം അംഗനമാരൊത്തുചേര്‍‌ന്നെഴും
ആലവാലത്തിന്‍ നടുക്കങ്ങു നില്‍ക്കിലും
ഞാനസൂയപ്പെടിലെന്‍‌റെയാണാമുഗ്ദ്ധ-
ഗാനാര്‍ദ്രചിത്തം എനിക്കറിയാം വിഭോ

അന്യര്‍ അസൂയയാല്‍ ഏറ്റം വികൃതമായ്
അങ് തന്‍ ചിത്രം വരച്ചു കാണിക്കിലും
കാണുമെന്നല്ലാതതിന്‍ പങ്കുമല്പമെന്‍
പ്രാണനിലൊട്ടിപ്പിടിക്കില്ലൊരിക്കലും

കാണും പലതും പറയുവാനാളുകള്‍
ഞാനൊരാളല്ലാതറിവതില്ലങ്ങയെ
അന്ധോക്തികളെ പ്രമാണമാക്കികൊണ്ടു
സിന്ധുര ബോധം പുലര്‍ത്തുവോളല്ല ഞാന്‍

ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ മനം
താവകോത്ക്കര്‍ഷത്തിനാലംബമാവണം
പാവന പ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം

ഒന്നും പ്രതിഫലം വേണ്ടെനിക്കാ മഞ്ജു-
മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍ മതീ!
                                                                   **************

3 comments:

  1. ആലാപനശ്രവണഭംഗിയേക്കാള്‍ ഈ കവിത മനസ്സാലെ വായിച്ചാസ്വദിക്കാനാണ്, എനിക്ക്.

    കവിത ആദ്യമായാണ് കേള്‍ക്കുന്നതും വായിക്കുന്നതും പരിചയപ്പെടുത്തിയതില്‍ സന്തോഷംണ്ടേ.. :)

    ReplyDelete
  2. താവകോത്ക്കര്‍ഷത്തിനെന്‍ ജീവരക്തമാ-
    ണാവശ്യമെങ്കിലെടുത്തുകൊള്ളൂ ഭവാന്‍
    മലയാള ഭാഷയുടെ വശ്യ സുഗന്ധമാണ് ചങ്ങമ്പുഴ കവിതകള്‍

    ReplyDelete
  3. thetiya valliyaanu kaalil chuttiyathu..ee blog yenikku valarey eshtappettu,,janakante seethakku nandi..kavikalthan prathibhakku nandi..nandi njan chollunu naaraayamey nandi yen maathru bhashakku nandi/....

    ReplyDelete